രാജ്യത്തെ മികച്ച പ്രതിഭകളെ തേടുന്ന ഇന്ത്യാ സ്കില്‍സ് മത്സരം 2025
പ്രിയരെ,
നിങ്ങള്‍ ഏതെങ്കിലും നൈപുണ്യ മേഖലയില്‍ കഴിവുള്ളവര്‍ ആണോ?
അന്താരാഷ്ട്ര നൈപുണ്യ മത്സര വേദികളില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ ഇതാ ഒരു സുവര്‍ണ്ണാവസരം.
തൊഴില്‍ പരിശീലനത്തിലെയും നൈപുണ്യ വികസനത്തിലെയും മികവ് ആഘോഷിക്കുന്ന രാജ്യത്തെ പ്രമുഖ വേദിയായ 2025-ലെ ഇന്ത്യാ സ്കില്‍സ് മത്സരത്തിനു(ISC) രജിസ്റ്റര്‍ ചെയ്യാം. രാജ്യത്തെ വരും തലമുറ നൈപുണ്യ ചാമ്പ്യന്‍മാര്‍ക്കായി വേദിയൊരുക്കുന്ന ഈ മത്സരത്തില്‍ 36 സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങളിലെ മത്സരാര്‍ത്ഥികള്‍ 63 നൈപുണ്യ മേഖലകളിലായി മത്സരിക്കും. രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഈ മത്സരം ഇന്ത്യയിലെ ഏറ്റവും പ്രതിഭാധനരായ യുവതയെ കണ്ടെത്തുവാനും പരിപോഷിപ്പിക്കുവാനും ആദരിക്കാനുമായി രൂപകല്‍പ്പന ചെയ്തതാണ്. 60-ലധികം നൈപുണ്യ മേഖലകളില്‍ യുവതയുടെ കഴിവും വൈദഗ്ധ്യവും പ്രദര്‍ശിപ്പിക്കുന്ന ലോകത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര നൈപുണ്യ മത്സരമായ വേള്‍ഡ് സ്കില്‍സ് മത്സരം(WSC) 2026 ഉള്‍പ്പെടെ അന്താരാഷ്ട്ര വേദികളില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ ഇത് യുവതയെ സജ്ജരാക്കുന്നു. തൊഴിലധിഷ്ഠിത വിദ്യഭ്യാസ രംഗത്ത് തൊഴില്‍ നേടാനും സമകാലിക സമ്പദ് വ്യവസ്ഥയില്‍ നൈപുണ്യാധിഷ്ഠിത ജോലിയുടെ പ്രാധാന്യം തിരിച്ചറിയാനും യുവതയെ പ്രചോദിപ്പിക്കാന്‍ ഈ മത്സരം ലക്ഷ്യമിടുന്നു. നിശ്ചിത പ്രായപരിധിയിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്കെല്ലാം മത്സരത്തില്‍ പങ്കെടുക്കുവാന്‍ അവസരമുണ്ട്. കുറഞ്ഞ പ്രായപരിധി 16 വയസ്സും കൂടിയ പ്രായപരിധി 25 വയസ്സുമാണ്. അതായത് മത്സരാര്‍ത്ഥികള്‍ 2004 ജനുവരി 1-നോ അതിനുശേഷമോ ജനിച്ചവരായിരിക്കണം. സൈബര്‍ സുരക്ഷ, മെക്കാട്രോണിക്സ്, എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് തുടങ്ങിയ ചില നൂതന സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട നൈപുണ്യ മത്സരങ്ങളില്‍ 2001 ജനുവരി 1-നോ അതിനുശേഷമോ ജനിച്ചവര്‍ക്ക് പങ്കെടുക്കാം. ഘടനാപരവും ബഹുതലവുമായ തിരഞ്ഞെടുപ്പ് പ്രക്രിയയാണ് ഇന്ത്യാ സ്കില്‍സ് 2025 പിന്തുടരുന്നത്. ഓരോ മത്സരാര്‍ത്ഥിക്കും ഒരു നൈപുണ്യ മത്സരത്തിനാണ് അപേക്ഷിക്കാനാവുക. രണ്ട് പ്രാഥമിക ഘട്ടങ്ങളിലായി മത്സരം നടക്കും. രണ്ട് ഘട്ടങ്ങളും മേഖലാതല നൈപുണ്യ മത്സരങ്ങളിലേക്കെത്തുകയും തുടര്‍ന്ന് ബൂട്ട് ക്യാമ്പുകളും ഫൈനല്‍ ദേശീയ മത്സരവും സംഘടിപ്പിക്കുകയും ചെയ്യും. വേള്‍ഡ് സ്കില്‍സ് ഇന്റര്‍നാഷണല്‍ അംഗീകരിച്ച നൈപുണ്യ വിഭാഗങ്ങളുമായി ബന്ധപ്പെട്ട വ്യക്തിഗത, ടീം നൈപുണ്യ മത്സരങ്ങള്‍ ഇതിലുള്‍പ്പെടുന്നു. ഇന്ത്യാ സ്കില്‍സ് അവസാന ഘട്ട ദേശീയ മത്സരം എംഎസ്ഡിഇ (MSDE) കേന്ദ്രീകരിച്ച് സംഘടിപ്പിക്കും. ദേശീയ മത്സരത്തിലെ വിജയികള്‍ക്ക് 2026-ലെ വേള്‍ഡ് സ്കില്‍സ് മത്സരത്തിലും മറ്റ് അന്താരാഷ്ട്ര ഫോറങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ വിപുലമായ പരിശീലനവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കും.
പങ്കെടുക്കുന്നതിനായി സ്കില്‍ ഇന്ത്യ ഡിജിറ്റല്‍ ഹബ് (SIDH) പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി 2025 സെപ്റ്റംമ്പര്‍ 30നകം രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്- www.skillindiadigital.gov.in
രജിസ്ട്രേഷന്‍ ലിങ്ക്-
സംസ്ഥാന നൈപുണ്യ വികസന മിഷന്‍
Candidates user manual: Click here
Comments
Post a Comment